Malayalam Short Story - ഭ്രാന്തന്റെ ഗർഭം

The articles published under Malayalam Short Story are the articles selected from authors who have provided us with their written consent to publish their creative content. Unauthorized copying of the content without permission is subjected to legal actions.

ആമുഖങ്ങൾ ഇല്ലാതെ നേരിട്ട് കഥയിലേക്ക് വരാം. ഇതിലെ കഥാപാത്രം ഗർഭം പേറുന്ന ഒരു ഭ്രാന്തനാണ്. സമനില തെറ്റിയതിനുശേഷം പേരോ മേൽവിലാസമോ ഇല്ല. അതുകൊണ്ട് കഥയിൽ ഉടനീളം ഇയാളുടെ പേര് ഭ്രാന്തനെന്നാണ്.കുട്ടിക്കാലം മുതലേ മറ്റ് കുട്ടികളെ പോലെ ആയിരുന്നില്ല ഈ ഭ്രാന്തൻ. പൊതുവേ അന്തർമുഖൻ. പെൺകുട്ടികളുമായാണ് കൂട്ട്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഭ്രാന്തന് പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്നത്. സംഭവം ഇങ്ങനെ...


സ്കൂളിലെ ശുചിമുറിയിൽ നിന്ന് സീനിയർ വിദ്യാർത്ഥിയോടൊപ്പം ഭ്രാന്തനെ അവന്റ മാഷ് പിടിച്ചു. "നീ ഈ പണിയ്ക്കാന്നോടാ ഉസ്കൂളിലേക്ക് ബര്ന്നെ..."എന്ന് പറഞ്ഞ് പൊതിരെ തല്ലി.

സ്കൂൾ വിടുന്നത് വരെ അവിടെത്തന്നെ ഒറ്റയ്ക്കിരുന്ന് കരഞ്ഞു തീർത്തു. പിറ്റേന്ന് മുതൽ സ്കൂളിൽ പോകാതെ ആയി.


പക്ഷേ എട്ടാം ക്ലാസിലെ പ്രണയം ഭ്രാന്തൻ തുടർന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും കുത്തു വാക്കുകൾക്കിടയിൽ കൂട്ടുകാരനുമായുള്ള കണ്ടുമുട്ടലുകൾ ഭ്രാന്തന് ഒരു ആശ്വാസമായിരുന്നു.


അന്ന് സമയം പുലർച്ചയോട് അടുത്തിരുന്നു. തന്റെ പതിവ് കൂടിക്കാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി പിറകിൽ നിന്ന് അവനെ ആരൊക്കെയോ ചേർന്ന് ബലമായി വലിച്ചിഴച്ചു. ഉറക്കെ ശബ്ദം വെച്ചപ്പോൾ വായിൽ എന്തോ തുണിക്കഷണം കുത്തിത്തിരുകി. അവർ എട്ടോ പത്തോ പേർ ചേർന്ന് അവന്റെ ശരീരം പങ്കിട്ടെടുത്തു. അവന്റെ നിലവിളികൾ അവരുടെ പൊട്ടിച്ചിരികൾക്കിടയിൽ മെല്ലെ മാഞ്ഞുപോയി. അവസാനം അവർ ഓരോരുത്തരും 100 രൂപ വീതം അവനു എറിഞ്ഞുകൊടുത്തു. അവസാനത്തെ ആ 100 രൂപ അവൻ വിശ്വസിച്ചിരുന്ന കൂട്ടുകാരന്റെ ആയിരുന്നു.


കുറെ നേരം ആ ചെളിക്കുണ്ടിൽ കിടന്ന് ഭ്രാന്തൻ അലറിക്കരഞ്ഞു. പേ മൂത്ത പട്ടികൾ ഇറച്ചിക്കഷണം കടിച്ചു തിന്നുമ്പോൾ കാണിക്കുന്ന ദയ പോലും അവനോട് അവർ കാണിച്ചില്ല. വല്ല കത്തിയോ കുപ്പിച്ചില്ലോ കിട്ടിയിരുന്നെങ്കിൽ ആ നിമിഷം നെഞ്ചു കുത്തിപ്പൊളിച്ച് അതിലുള്ള ദേഷ്യവും സങ്കടവും പ്രണയവും ഭയവും എല്ലാം ഒഴുക്കി വിട്ടേനെ.


ഭ്രാന്തനെ തിരക്കി വന്ന വീട്ടുകാർ കണ്ടത് ഉടുതുണിയില്ലാതെ ചെളിക്കുണ്ടിൽ കിടന്നു നിലവിളിക്കുന്ന അവനെയാണ്. അഭിമാനിയായ ഭ്രാന്തന്റെ അച്ഛൻ അവനെ കാലുകൊണ്ട് തൊഴിച്ചു. "ഏട്യങ്കിലും പോയി തൂങ്ങി ചത്തൂടടാ നാറീ... ".

തൊഴിയേറ്റ ഭ്രാന്തൻ പിന്നെ കരഞ്ഞില്ല. മരവിപ്പോടെ അവിടെത്തന്നെ മണിക്കൂറുകളോളം കിടന്നു. ആളുകൾ പോയതിനു ശേഷം അവിടെ നിന്നെഴുന്നേറ്റു ലക്ഷ്യമില്ലാതെ ഓടി. കാലുകൾ ഊരി മാറുന്നു എന്നു തോന്നുന്നത് വരെ. എവിടെയോ കിടന്നു ഉറങ്ങി. ഉറക്കമുണർന്നപ്പോൾ വീണ്ടും നടന്നു. വിശന്നപ്പോൾ വഴിവക്കിലെ ടാപ്പിൽ നിന്ന് വെള്ളം കുടിച്ച് വയറു നിറച്ചു. ആ വലിയ നഗരത്തിൽ ഒരു ജോലിക്കായി യാചിച്ച ഭ്രാന്തനെ ആട്ടിയോടിച്ച പലരും ഇരുട്ടിന്റെ മറവിൽ അവനെ തേടിയെത്തി. അതിൽ മധ്യവയസ്കരായ പോലീസുകാരും, ഗുണ്ടകളും അച്ഛനേക്കാൾ പ്രായം ഉള്ള കിളവന്മാരും, അനിയന്റെ പ്രായമുള്ള കോളേജ് പിള്ളേരും വരെ ഉണ്ടായിരുന്നു. പുലരുന്നതിനു മുമ്പ് അവിടെയുള്ള അഴുക്ക് മുഴുവൻ ആ നഗരം അവന്റെ മുകളിൽ കൊട്ടി ഇട്ടു. അധികം താമസിയാതെ അവൻ അവിടെ അറിയപ്പെടുന്ന 'വേശ്യൻ' ആയി മാറി.


അതിനിടയിലെപ്പോഴോ മറ്റൊരു പ്രണയം. ഭ്രാന്തന്റെ പതിവുകാരിൽ ഒരാൾ. പുതിയ കാമുകനിലൂടെ ഒരു വിവാഹജീവിതം ഭ്രാന്തൻ പിന്നെയും സ്വപ്നം കണ്ടു. ആ നഗരത്തിലെ രാവുകൾ അവരുടേത് മാത്രമായി മാറി. അവരുടേതായ മറക്കാനാകാത്ത അനേകം സ്വകാര്യ നിമിഷങ്ങൾ. സൂര്യൻ ഉദിക്കുന്നതോ അസ്തമിക്കുന്നതോ ഭ്രാന്തൻ അറിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും കടന്നു പോയതും അറിഞ്ഞില്ല. പ്രണയലഹരിൽ കാമുകന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു അവൻ ചോദിച്ചു :

"അന്നെ ഞീ മങലം കയ്ക്കൂലേ".


"ഇന്നെയാ???"


"ആന്നാ എന്നെ മങലം കയ്ച്ചാല്?"


"ദ് സ്നേഹോന്നുവല്ല ദയയാ. പൂക്കളൊരീക്കലും ടൗണിലെ കാനേല് വിരിയൂലപ്പാ.... അങ്ങനെ വിരിഞ്ഞാലത് ഓര്ടെ ദയയാ "


"ഇരിട്ടിലെന്നോട് ദയ കാണിച്ച കൊറേയാള് ണ്ട്. പക്ഷേ ബെളിച്ചത്തില് അന്നെയാരും സ്നേഹിച്ചിറ്റില്ല. നിങ്ങ ഇപ്പ പോയിറ്റ്, വ്യഭിചാരം പാപം അല്ലാത്തൊരുസം നോക്കി ബന്നാ മതി".


"ഇന്നെ ഞാൻ സ്നേഹിക്കും. മങ്ങലം കയ്ഞ്ഞാലും ഞാൻ ഇബ്ടെ ബരും. വ്യഭിചാരം മോശാവ്ന്നത് അത് ബേറൊരാള് അറിയുമ്പോ മാത്രാ... ഇങ് ബാ ഒരുമ്മ തരട്ട്".


"എനിക്കിങടെ ഉമ്മേം ബേണ്ട ഇങ്ങടെ ദയേം ബേണ്ട.ഞാനോരി പെണ്ണല്ലേ. ബേറൊരി പെണ്ണിന്റ കണ്ണീര് ഒരു പെണ്ണും ആഗ്രഹിക്കൂല ".


ഇത് കേട്ട ഭ്രാന്തന്റെ ആദർശവാനായ കാമുകൻ ദേഷ്യം കൊണ്ട് പല്ലിഇരുമി.


""പെണ്ണാ??? പെണ്ണാനെങ്കി പ്രസവിക്കൂലെ... അനക്കൊരി കുഞ്ഞിനെ തരാൻ പറ്റ്വോ...".

പിന്നയും അയാൾ എന്തൊക്കെയോ പുലമ്പി. പക്ഷേ ഭ്രാന്തൻ ഒന്നും കേട്ടില്ല ചെവിയിൽ ഒരു മൂളൽ മാത്രം. കയ്യും കാലും നിശ്ചലമായി. അടുത്ത നിമിഷം താനൊരു മുഴുഭ്രാന്തൻ ആകും എന്ന് ഉറപ്പുള്ളത് പോലെ. ഭ്രാന്തൻ തല ഭിത്തിയിൽ ആഞ്ഞടിച്ചു. ബോധരഹിതനായി നിലത്തുവീണു. ചിലപ്പോഴൊക്കെ വികാരങ്ങൾക്കും മുറിവേൽക്കാറുണ്ട്. പരിപൂർണതയിൽ നിന്ന് അധികമായി മുറിവേൽക്കുമ്പോൾ നിറഞ്ഞുകവിയാറുണ്ട്. രക്തം പോലെ മുറിക്കുള്ളിൽ തളംകെട്ടി നിൽക്കാറുണ്ട്. ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് വൈകാരികമായ രക്തപ്രവാഹം.


ബോധം തിരിച്ചു കിട്ടിയപ്പോൾ ഉടുവസ്ത്രമുരിഞ്ഞ് ചോര തുടച്ചു. ഉടുത്തിരുന്ന മുണ്ട് അഴിച്ച് ചേല ചുറ്റി. തുടച്ച തുണിയുടെ ബാക്കി വയറ്റിൽ കുത്തി കയറ്റി. നിലതെറ്റി റോഡിലൂടെ അലറി കരഞ്ഞു കൊണ്ട് ഓടിയപ്പോൾ ആരൊക്കെയോ കൂകി വിളിച്ചു പറയുന്നുണ്ടായിരുന്നു...

"നോക്കെടാ...പിരാന്തന് കെറ്പ്പായിന്... ".

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#story #movies #movieupdates #cinema #entertainment #stories #india #englishmovies #women #actress #womenempowerment #nostalgia #nostuseries #chavattukutta #aghora #shortstories #funstory #malayalamstory #malayalamauthor #stories #facebook #instagram #writeups #peacock

#peacockfeather #rose #love #schoollife #malayalamshortstory #idol #shilpi #aghora #shortstory #malayalam #nostalgia #kerala #lalettan #mammookka #india

16 views0 comments

Recent Posts

See All