Malayalam Short Story : ശില്പി

The articles published under Malayalam Short Story are the articles selected from authors who has provided us with their written consent to publish their creative content. Unauthorized copying of the content without permission is subjected to legal actions.


ഒരിക്കൽ ഒരു യാത്രയ്ക്കിടെ പ്രണയവും കാമവും കണ്ടുമുട്ടി. "നമസ്കാരം.

എന്റെ പേര് കാമം. നിങ്ങളുടേത്... ?"


"ക്ഷമിക്കണം. ഞാൻ അപരിചിതരോട് പേര് പറയാറില്ല. കൂടുതൽ അടുത്തറിയട്ടെ. ഈ യാത്രയ്ക്കിടയിൽ അതിനുള്ള അവസരം കിട്ടും എന്നാണ് വിശ്വാസം".

കാമം സംസാരം തുടർന്നു.


" എനിക്ക് നിങ്ങളെ കണ്ടപ്പോൾ മുതൽ എന്തോ ഒരു പ്രത്യേകത..." ഇത് പറഞ്ഞു കാമം പ്രണയത്തിന്റെ കാലിൽ അറിയാത്ത ഭാവത്തിൽ ചവിട്ടി. പ്രണയം കാൽ പിന്നോട്ട് വലിച്ചു.


"ഞാൻ നിങ്ങൾ കരുതുന്ന പോലെ ഒരാളല്ല. കണ്ട മാത്രയിൽ എനിക്ക് ആരോടും താൽപര്യം തോന്നാറുമില്ല. ഒന്നു മാറിയിരിക്കു... എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നുന്നു."


കാമം : ശരി ഞാൻ ഇവിടെ ഇരിക്കുന്നതിൽ നിങ്ങൾക്ക് വിരോധമുണ്ടോ? നിങ്ങൾ പറഞ്ഞതുപോലെ നമുക്ക് കൂടുതൽ അറിഞ്ഞിരിക്കാം ".


പ്രണയം മെല്ലെ ചിരിച്ചു. "എന്റെ പേര് പ്രണയം. ഹ്യൂമൻ ഫിലോസഫിയിൽ ഗവേഷണം നടത്തുന്നു.യാത്ര ചെയ്യാൻ ഇഷ്ടമാണ്. ഇടവേളകളിൽ സമയം കണ്ടെത്തും.നിങ്ങളോ...? "


കാമം : "ഞാനൊരു ശില്പിയാണ്".


പ്രണയം : "'അതെയോ...? കലാകാരന്മാരെ എനിക്ക് വലിയ ഇഷ്ടമാണ്.ഇപ്പോൾ എങ്ങോട്ട് പോകുന്നു? "


കാമം : "എന്റെ ശില്പങ്ങൾക്കുവേണ്ടി മനോഹരമായ ഒരു ഫ്രെയിം അന്വേഷിക്കുന്നു. അപൂർവ്വമായ അനേകായിരം ശിൽപങ്ങൾ നിറഞ്ഞ ഒരു ആർട്ട് ഗ്യാലറി പ്ലാൻ ചെയ്യുന്നുണ്ട്. അതിന് മോഡൽ ആകാൻ സമ്മതമാണോ...?



പ്രണയം ഒന്നും മിണ്ടിയില്ല. കാമം തുടർന്നു.


"നീ ഒരു നവജാതശിശുവിനെ പോലെ എത്രയോ നിഷ്കളങ്കമാണ്. നിന്റെ ഈ നിഷ്കളങ്കത തന്നെയാണ് എനിക്ക് ആവശ്യം. വരും കാലങ്ങളിൽ നിനക്ക് വേണ്ടി മാത്രമായി കവിതകളും കഥകളും എഴുതപ്പെടും. എന്റെ വാഗ്ദാനം നിരസിക്കരുത് ".


പ്രണയം : "നോക്കൂ... എന്നെക്കുറിച്ച് കവിതകളും ശില്പങ്ങളും ഉണ്ടായിട്ട് എന്താണ് മാനവരാശിക്ക് ഗുണം? വിശന്നു വലയുന്ന പാവങ്ങളെക്കുറിച്ച് കവിതകൾ ഉണ്ടാകട്ടെ. ദാരിദ്ര്യം മാറ്റാൻ വേശ്യാവൃത്തി നടത്തുന്ന സ്ത്രീകളെക്കുറിച്ച് കഥകൾ എഴുതപ്പെടട്ടെ. തെരുവിൽ വലിച്ചെറിയപ്പെടുന്ന അനാഥ ബാല്യങ്ങൾ കുറിച്ച് ശില്പങ്ങൾ നിർമിക്കപ്പെടട്ടെ. മനുഷ്യരുടെ പച്ചയായ ജീവിതം വരച്ചിടാത്ത ചിത്രങ്ങളോടും ശില്പങ്ങളളോടും എനിക്ക് എക്കാലത്തും നിന്ദ ആണ്."



കാമം : "നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.എന്റെ ശില്പങ്ങളിലൂടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്.എന്റെയും നിന്റെയും വിയർപ്പിൽ നിന്ന് ഞാൻ ഉണ്ടാക്കുന്ന സൃഷ്ടികൾ മനുഷ്യരുടെ ദുരിതങ്ങളെ കുറിച്ചാണ്...ഈ ദുരിതങ്ങളിൽ നിന്ന് കരകയറി ജീവിതം എത്രത്തോളം സുന്ദരമാക്കാം എന്നുള്ളതാണ്. അതിന് നിന്റെ മുഖം ആയിരിക്കും എന്ന് മാത്രം. പരസ്പരം ഒന്നും ആഗ്രഹിക്കാത്ത പരിശുദ്ധമായ നിന്റെ മുഖം. വരൂ... നമുക്ക് ഇരുവർക്കും എന്റെ വീട്ടിലേക്ക് പോകാം ".


പ്രണയം ചിരിച്ചു കൊണ്ട് മൗനമായി സമ്മതം അറിയിച്ചു. വീട്ടിലെത്തിയ പ്രണയം ശില്പങ്ങൾ അന്വേഷിച്ചു.


കാമം : "ആ മുറിയിൽ ആണ് എല്ലാം. ആരംഭഘട്ടത്തിലും... പ്രദർശന ദിവസം ഒരുമിച്ച് കാണുന്നതല്ലേ അതിന്റെ ഭംഗി".


കാമം പ്രണയത്തെ തന്റെ അരികിലേക്ക് അടിപ്പിച്ചു.

പ്രണയം : "എനിക്കെന്തോ ഭയം തോന്നുന്നു. സ്‌നേഹിക്കുമ്പോൾ മനുഷ്യർ നിസഹായരാകും. ആ നിസ്സഹായതയെ ഞാൻ വല്ലാതെ ഭയപ്പെടുന്നു".


കാമം : "എന്റെ പ്രണയമേ, ഞാനും നീയും അക്ഷരാർത്ഥത്തിൽ ഒന്നുതന്നെയാണ്. മനുഷ്യർ അവരുടെ ജീവിതയാത്രകൾക്കിടയിൽ ഉടനീളം മുഖം വ്യക്തമല്ലാത്ത അപരിചിതനായ മറ്റൊരാളെ തിരിഞ്ഞു കൊണ്ടിരിക്കും. ചിലർ കണ്ടെത്തും. മറ്റു ചിലർ ഒരിക്കൽ പോലും തമ്മിൽ കാണുക പോലുമില്ല. ഞാനെന്റെ പാതിയെ കണ്ടെത്തിയിരിക്കുന്നു."


അവർ ഒരുമിച്ച് സൃഷ്ടികർത്താവിനോട് അവരുടെ നന്ദി അറിയിച്ചു. ശേഷം, കാമം പ്രണയത്തിന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി.


"നിന്റെ ഉടൽ എന്റെ ശില്പങ്ങളെക്കാൾ എത്രയോ മഹത്തരമാണ്. എനിക്ക് ശില്പങ്ങൾ നിർമിക്കണം. നിന്റെ വിയർപ്പിന്റെയും ചോരയുടെയും ഗന്ധമുഉള്ള ശില്പങ്ങൾ."

അന്നാദ്യമായാണ് കാമം അത്ര മനോഹരമായ ഒരു ശരീരം ഭോഗിക്കുന്നത്.



കാലം കടന്നു പോയി. രാത്രിയും പകലും കാമം ശില്പങ്ങൾ നിർമ്മിച്ചു കൊണ്ടേയിരുന്നു. ഒഴിവു നേരങ്ങളിൽ അവരിരുവരും സമയം പങ്കുവച്ചു.


ഒടുവിൽ പ്രദർശന ദിവസം വന്നുചേർന്നു. കാമം ഒരുക്കിയ ശില്പങ്ങൾ കാണാനായി പ്രണയവും എത്തി. ശില്പങ്ങൾ കണ്ടമാത്രയിൽ പ്രണയം നിലവിട്ട് ഉറക്കെ കരഞ്ഞു. എല്ലാ ശില്പങ്ങൾക്കും പ്രണയത്തിന്റെ മുഖമാണ്. പക്ഷേ ഉടൽ നഗ്നമാണ്. തന്റെ നഗ്നത ഈ ലോകം മുഴുവൻ കാണാൻ പോകുന്നു. പ്രണയം കാമത്തിനരികിലേക്ക് ഓടി.


"ദയവുചെയ്ത് ആ ശില്പങ്ങൾ നശിപ്പിക്കൂ... " പ്രണയം കരഞ്ഞു കൊണ്ട് അപേക്ഷിച്ചു.


എത്ര യാചിച്ചിട്ടും കാമം അത് ചെവി കൊണ്ടില്ല. "നിന്നിൽ നിന്നും ഒന്നും ആഗ്രഹിക്കാത്ത നിഷ്കളങ്കവും പരിശുദ്ധവുമായ എന്റെ വികാരത്തെ നീ ഒരിക്കലും ഇങ്ങനെ വിലപേശുന്നത്. "


പ്രണയം കാമത്തിന്റ കാൽക്കൽവീണ് കെഞ്ചി. കാമം ഉറക്കെ ചിരിച്ചു.


"ഒന്നും ആഗ്രഹിച്ചില്ലന്നോ. ഞാൻ ഒരു കലാകാരൻ ആയതുകൊണ്ടല്ലേ നീ എന്നോടൊപ്പം ഇറങ്ങിത്തിരിച്ചത്. ഒരുമിച്ച് ഒരു ജീവിതം, സുഖസൗകര്യങ്ങൾ, പ്രശസ്തി ഇതെല്ലാം നിനക്ക് വേണമായിരുന്നു. പക്ഷേ എനിക്ക് നിന്നോട് തോന്നിയത് ഉപാധികളില്ലാത്ത പരിശുദ്ധമായ വികാരം തന്നെയാണ്. ഒട്ടും കളങ്കമില്ലാത്ത ഒന്ന്... കണ്ടമാത്രയിൽ ആർക്കും ആരോടും തോന്നാവുന്ന ഒന്ന്..."


പ്രണയം കരഞ്ഞുകൊണ്ട് അവിടെ നിന്നിറങ്ങി ഓടി. പ്രണയത്തിന് അപ്പോഴേക്കും കാമത്തിലുള്ള വിശ്വാസം നഷ്ടമായി കഴിഞ്ഞിരുന്നു. പക്ഷേ ഒരിക്കലും കാമത്തെ വെറുത്തില്ല. അതിനുശേഷം പ്രണയത്തെ ആരും കണ്ടിട്ടുമില്ല.

കാമം കുറ്റബോധം ലവലേശമില്ലാതെ ശില്പങ്ങൾ ഉണ്ടാക്കി കൊണ്ടേയിരുന്നു. ഇപ്പോഴും ഉണ്ടാക്കുന്നുണ്ട്. മുഖമില്ലാത്ത ഉടൽ നഗ്നമായ ശില്പങ്ങൾ..."


--അഘോര---



All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#story #movies #movieupdates #cinema #entertainment #stories #india #englishmovies #women #actress #womenempowerment #nostalgia #nostuseries #chavattukutta #aghora #shortstories #funstory #malayalamstory #malayalamauthor #stories #facebook #instagram #writeups #peacock

#peacockfeather #rose #love #schoollife #malayalamshortstory #idol #shilpi #aghora #shortstory #malayalam #nostalgia #kerala #lalettan #mammookka #india

32 views
 

7406328683, 8105890085

  • Facebook
  • Instagram
  • YouTube

©2019 by Neyyapam Media. Proudly created with Wix.com