The Lost Art of Reading by Mentalist Aadhi - A Must Watch Video to Develop your Reading Habit


കഥകള്‍ എന്നും എല്ലാവരെയും ഒരുപോലേ ആകര്‍ഷിക്കുന്ന ഒന്നാണ്. അതിനു ജാതിയെന്നോ മതമെന്നോ കുട്ടികളെണോ മുതിര്‍ന്നവരെന്നോ ഒന്നും വ്യത്യാസം ഇല്ല. ഞാന്‍ കഥകളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നുമുതലാണെന്ന് എനിക്കറിയില്ല. ഉറങ്ങുന്നതിന് മുന്നേ മുത്തശ്ശിയുടെ മടിയില്‍ കിടന്നു കേള്‍ക്കുന്ന കഥകള്‍ ആയിരുന്നു അതിലേക്കുള്ള ആദ്യ പടി. മുത്തശ്ശിയുടെ വല്‍സല്യത്തോടെയുള്ള തലോടലും വാക്കുകളിലെ വിശ്വാസ്യതയും കഥകളെ എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമാക്കി. ഇന്നും എനിക്കു തോന്നുന്നത് മുത്തശ്ശിമാര്‍ കഥകള്‍ പറയുന്നതു പോലെ കഥ പറയാന്‍ ഇന്നുള്ള ഒരു എഴുത്തുകാരനും കഴിയുന്നില്ല എന്നാണ്. അത്രക്ക് നമ്മളെ ആ കഥകള്‍ ആകര്‍ഷിച്ചിരുന്നു.സ്കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത് ബാലരമക്കും ബാലഭൂമിക്കും വേണ്ടിയായിരുന്നു. അതിനു വേണ്ടി മാത്രം വെള്ളിയാഴ്ച ദിവസം രാവിലെ പത്രം വരുന്നതിന് മുന്നേ എണീറ്റ് കാത്തിരിക്കുമായിരുന്നു. പക്ഷേ ആ കാത്തിരിപ്പും അത്ര എളുപ്പമായിരുന്നില്ല. കാരണം മായാവിയുടെയും ലുട്ടാപ്പിയുടെയും ഒക്കെ കഥകള്‍ ആദ്യം വായിക്കാന്‍ ഞങ്ങള്‍ സഹോദരങ്ങള്‍ തമ്മില്‍ മത്സരം തന്നെ ഉണ്ടായിരുന്നു. ആ വടംവലിക്ക് ശേഷം പുസ്തകം കേടുപാട് കൂടാതെ കിട്ടിയാല്‍ ഭാഗ്യം. അല്ലെങ്കില്‍ അമ്മയുടെ മുന്നില്‍ അഞ്ചു രൂപയ്ക്കായി വീണ്ടും നാടകം കളിക്കേണ്ടി വരും. കീറിപ്പോയത് വായിക്കാന്‍ നിവര്‍ത്തി ഇല്ലാലോ. മായാവിയുടെ മാന്ത്രിക വടിയും ലുട്ടാപ്പിയുടെ കുന്തവും എല്ലാം ഒരിക്കലെങ്കിലും കിട്ടിയിരുന്നെങ്ങില്‍ എന്നു ആഗ്രഹിച്ച് കിടന്നുറങ്ങിയിരുന്ന രാവുകള്‍ അനേകം ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായി വായിച്ച നോവല്‍ ഏതാണെന്ന് എനിക്കോര്‍മ്മയില്ല. എന്നാല്‍ കിട്ടുന്നത് എന്തും ഞാന്‍ വായിക്കുമായിരുന്നു. കൂടുതലും യാത്ര മാഗസിനുകള്‍ ആയിരുന്നു പ്രിയം. ജോലിക്കു വേണ്ടിയുള്ള ചെന്നൈ യാത്രയായിരുന്നു എന്നെ പുസ്തകങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്.ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ സമയം കളയാനായി അലഞ്ഞു നടന്നപ്പോള്‍ അവിടെ കണ്ട ബുക്ക് സ്റ്റോറില്‍ കയറി. ബുക്കുകള്‍ക്കിടയിലൂടെ കണ്ണോടിച്ചപ്പോള്‍ എന്‍റെ സുഹൃത്ത് ഒരിക്കല്‍ എന്നോടു പറഞ്ഞ ചേതന്‍ ഭഗത്തിന്‍റെ ടൂ സ്റ്റേറ്റ്സ് എന്ന നോവല്‍ ശ്രദ്ധയില്‍ പെട്ടു. ഒരു രാത്രി മുഴുവന്‍ യാത്ര ചെയ്യേണ്ടി ഇരുന്നതുകൊണ്ടും ട്രയിനില്‍ കയറിയാല്‍ ഉറങ്ങുന്ന ശീലമില്ലാത്തത് കൊണ്ടും സമയം പോകണമല്ലോ എന്നു കരുതി ആ നോവല്‍ വാങ്ങി. ഇന്നത്തെ പോലെ സ്മാര്‍ട്ട്ഫോണോ ഒന്നും അന്ന് കയ്യില്‍ ഇല്ല. ഉള്ളത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നോസ്റ്റാള്‍ജിയ തോന്നുന്ന നോകിയയുടെ ഒരു ചെറിയ ഫോണും. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ആ നോവല്‍ മുക്കാല്‍ ഭാഗത്തോളം ഞാന്‍ വായിച്ചു തീര്‍ത്തു. പ്രണയവും തലക്ക് പിടിച്ച് നില്‍ക്കുന്ന പ്രായമായതിനാല്‍ അതിലെ കഥയും കഥാപാത്രങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് വായിക്കുമ്പോള്‍ ഞാന്‍ ഒരു സിനിമ കാണുന്നത് പോലെ ഓരോ സീനും മനസ്സില്‍ രൂപപ്പെടുന്ന പോലെ എനിക്കു തോന്നി. അതിനു ശേഷം ചേതന്‍ ഭഗത്തിന്‍റെ ഒട്ടു മിക്ക നോവലുകളും ഞാന്‍ വാങ്ങി സൂക്ഷിച്ചു. എന്നാല്‍ ആരംഭ ശൂരത്വം എന്നു പറയുന്ന പോലെ വായന നിന്നു. പക്ഷേ പുസ്തകങ്ങളോട് ഇഷ്ടം കൂടി കൂടി വന്നു...വാങ്ങി വെക്കുന്നതില്‍ ആണെന്ന് മാത്രം.പിന്നീട് എന്‍റെ ഭാവനയെ ഒരുപാട് ഉയര്‍ത്തിയതും എന്നെ അത്ഭുതപ്പെടുത്തിയതും ആയ ഒരു എഴുത്തുകാരനാണ് അമിഷ് ത്രിപാതി. തികച്ചും ആകസ്മികമായിരിക്കാം അദ്ദേഹത്തിന്റ്റെ പുസ്തകം ഞാന്‍ വാങ്ങുന്നതും മറ്റൊരു ജോലി സംബന്ധമായ ബാംഗ്ലൂര്‍ യാത്രയിലാണ്. പുരാണങ്ങളിലൂടെ മാത്രം കേട്ടിട്ടുള്ള പല കഥാപാത്രങ്ങളും വീരനായകരായും സാധാരണ മനുഷ്യനായും നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കാനുള്ള കഴിവ് എന്നെ അദേഹത്തിന്‍റെ വലിയ ഒരു ആരാധകനാക്കി മാറ്റി. അദേഹത്തിന്‍റെ ശിവ ട്രയോളജിയിലെ മൂന്നു പുസ്തകങ്ങളും ഒരാഴ്ച കൊണ്ട് ഞാന്‍ വായിച്ചു തീര്‍ത്തു. അതേ ജേര്‍ണറിലുള്ള പല പുസ്തകങ്ങളും ഞാന്‍ വാങ്ങി വായിക്കാന്‍ തുടങ്ങി. പക്ഷേ ഇത്തവണ ഒരുപാട് നാള്‍ ഈ ശീലം എന്‍റെ പിന്നാലെ കൂടി. കാരണം ആ ജേര്‍ണറിനോടുള്ള അമിതമായ ഇഷ്ടം തന്നെ ആയിരുന്നു. അമിഷ് ത്രിപാതി എന്ന എഴുത്തുകാരനോടുള്ള എന്‍റെ ആരാധന രണ്ടു തവണ അദ്ദേഹത്തെ നേരിട്ടു കാണാനും ഫോട്ടോ എടുക്കാനും സംവദിക്കാനും എനിക്കു അവസരങ്ങള്‍ ഒരുക്കി തന്നു. എല്ലാവരെയും പോലെ എന്നും വായന ശീലമായി കൊണ്ടു നടക്കുന്ന ആളല്ല ഞാന്‍ പക്ഷേ പുസ്തകങ്ങള്‍ എന്നും എനിക്കു പ്രിയപ്പെട്ടതാണ്. ഇപ്പോളും ഞാന്‍ വായന ആസ്വദിക്കുന്നു.


എന്‍റെ ഷെല്ഫില്‍ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളില്‍ വളരെ കുറച്ചു പുസ്തകങ്ങള്‍ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. പക്ഷേ എപ്പോഴെങ്കിലും ഓരോന്നും വായിക്കും എന്ന ഉറച്ച വിശ്വാസത്തില്‍ തന്നെ ആണ് ഞാന്‍ ഓരോന്നും സൂക്ഷിച്ചു വെച്ചിരിക്കുന്നത്. എന്‍റെ ശീലങ്ങളെ കുറിച്ച് ഞാന്‍ പറയാന്‍ കാരണം മറ്റൊന്നുമല്ല, എന്നെ പോലെ തന്നെ ആണ് ഇവിടെയുള്ള പലരും. ചിലപ്പോള്‍ ഒരു പുസ്തകം വാങ്ങി അത് വായിച്ചു തീരുമ്പോള്‍ കരുതും ഞാന്‍ ഇന്നുമുതല്‍ എന്നും ഒരുപാട് പുസ്തകങ്ങള്‍ വായിക്കുമെന്ന്. പക്ഷേ തുടക്കത്തിലെ ആ ഒരു ആവേശം ഉടനെ തന്നെ കെട്ടടങ്ങും. പിന്നീട് നമ്മുടെ അലമാരയിലോ ഷെല്‍ഫിലോ ആകും അതിന്‍റെ സ്ഥാനം. പലരും എന്നോടു ചോദിച്ചിട്ടുണ്ട് ഏത് പുസ്തകം വായിച്ചാണ് ഞാന്‍ തുടങ്ങേണ്ടതെന്ന്.

അവരോടൊക്കെ ഒന്നേ എനിക് പറയാന്‍ ഉള്ളൂ. നിങ്ങള്‍ ഒരുപാട് മോട്ടിവേഷന്‍ തരുന്ന പുസ്തകങ്ങളോ വലിയ എഴുത്തുകാരുടെ പുസ്തകങ്ങളോ ഒന്നും വായിക്കണമെന്നില്ല. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് വായിക്കേണ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കു. നിങ്ങള്‍ യാത്രകളെ ഇഷ്ടപ്പെടുന്നു എങ്കില്‍ നിങ്ങള്‍ യാത്ര വിവരണങ്ങള്‍ വായിക്കൂ, കഥകളെ ആണ് ഇഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങള്‍ ചെറുകഥകളോ നോവലുകളോ വായിക്കൂ, ചരിത്രമാണിഷ്ടമെങ്കില്‍ നിങ്ങള്‍ ചരിത്രം വായിക്കൂ. അല്ലാതെ മറ്റൊരാള്‍ പറഞ്ഞു തരുന്ന പുസ്തകം നിങ്ങള്‍ വായനക്കായി തിരഞ്ഞെടുത്താല്‍ ആ വായനയുടെ യഥാര്‍ത്ഥ അനുഭവം നിങ്ങള്‍ക്ക് ലഭിക്കുകയില്ല. ആ അനുഭൂതി നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ അതോടെ വായന എന്ന ശീലം അവസാനിപ്പിക്കും. നമ്മള്‍ വലിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രമേ വായന ശീലം ഉള്ളവര്‍ ആകു എന്നു കരുതരുത്. ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ഞാന്‍ ഒരിയ്ക്കലും ദി ആല്‍കമിസ്റ്റ് എന്ന പുസ്തകം വായിച്ചിട്ടില്ല. എന്തു കൊണ്ടോ ആ പുസ്തകം വായിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല. എനിക്ക് ലഹരി തരുന്ന പുസ്തകങ്ങള്‍ ആണ് ഞാന്‍ വായിക്കാറ്. നമ്മുടെ മനസ്സിനെ ലഹരി പിടിപ്പിക്കാന്‍ വായനക്ക് കഴിഞ്ഞാല്‍ ആ ശീലം നമ്മള്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ല. നമ്മള്‍ അതിനെ പിന്തുടര്‍ന്നു കൊണ്ടേ ഇരിക്കും.മെന്‍റലിസ്റ്റ് എന്ന നിലയിലും മൈന്‍ഡ് റീഡര്‍ എന്ന നിലയിലും പ്രശസ്തനായ മെന്‍റലിസ്റ്റ് ആദിയുടെ യൂട്യൂബ് ചാനലില്‍ വന്ന ഒരു വീഡിയോ ആണ് എന്‍റെ വായനാശീലത്തെ കുറിച്ച് എഴുതാന്‍ എനിക്ക് പ്രചോദനമായത്. നമ്മുടെ ജീവിതത്തിന്‍റെ പല ഘട്ടങ്ങളില്‍ നമുക്ക് നഷ്ടപ്പെട്ടു പോയ വായനാശീലം എങ്ങനെ നമുക്ക് തിരികെ കൊണ്ട് വരാമെന്നും വായനാ ആസ്വദിക്കാന്‍ നമ്മള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും വളരെ നല്ല രീതിയില്‍ വ്യത്യസ്തമായി അദ്ദേഹം ആ വീഡിയോയിലൂടെ നമ്മളോട് പറയുന്നുണ്ട്. കൂടാതെ വായിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്കായി ഒരുപാട് പുസ്തകങ്ങളും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. പത്തു മിനിറ്റ് മാത്രം ദൈര്‍ഖ്യം ഉള്ള വീഡിയോ ഒരിയ്ക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.


വീഡിയോ കാണാനായി താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്മാര്‍ട്ട് ഫോണും ഇന്‍റര്‍നെറ്റും വ്യാപകമായ ഈ കാലത്ത് എല്ലാം നമ്മുടെ വിരല്‍ തുമ്പില്‍ തന്നെ ലഭ്യമാണ്. നമ്മള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്ന സമയത്തില്‍ നിന്നു കുറച്ചു സമയം എന്നും വയനക്കായി മാറ്റിവെച്ചാല്‍ നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കാം. ഇന്ന് ഒരുപാട് ആപ്പുകളും വെബ്സൈറ്റുകളും വായനക്കായി ഉണ്ടെങ്കിലും പുസ്തകം തുറന്നു വെച്ചു വായിക്കുന്ന സുഖം മറ്റൊന്നു തന്നെ ആണ്.

We are the sole owners of the contents published on this website and copying or unauthorized usage of this content if seen in any other space is subjected to legal action.


#awareness #mentalistaadhi #mentalism #reading #books #booklover #bookclub #readingclub #readinghabit #magician #kidsawareness #kids #children #childbooks #library #onlineread #goodreads #paulocoelho #balarama #balabhoomi #mayavi #hobby #socialmedia #apps #magicshow #shows

413 views0 comments