ധൈര്യം !!!


Photo Credit : Sajitha Ansar

"നീ എന്താ ഇങ്ങനെ? നീ ജീവതത്തിൽ എപ്പോഴെങ്കിലും ധൈര്യം കാണിച്ചിട്ടുണ്ടോ? ജീവിതത്തിൽ പോട്ടെ...എന്‍റെ കാര്യത്തിൽ എപ്പോഴെങ്കിലും...യൂ ആർ സോ ഇറെസ്പോൺസിബിൾ...." അവൾ തുടർന്നു കൊണ്ടേയിരുന്നു.


വേറേയൊന്നും സംസാരിക്കാനില്ലാത്തതുകൊണ്ടും അവളെ പിണക്കണ്ടായെന്ന് കരുതിയും ഞാൻ മറുത്തൊന്നും പറയാതെ എല്ലാം ശ്രദ്ധിക്കുന്നുവെന്ന ഭാവത്തിൽ ഇരുന്നു. പക്ഷേ എന്‍റെ ശ്രദ്ധ മറ്റൊരിടത്തായിരുന്നു.


നിങ്ങൾ വിചാരിക്കും ഞങ്ങൾ ഇരിക്കുന്നതിനപ്പുറത്ത് ചുവന്ന ചുരിദാർ ധരിച്ച് മുടിയൊക്കെ പാറിപ്പറത്തിയിരുന്ന് ചായ കുടിക്കുന്ന ഹിന്ദിക്കാരിയിലായിരിക്കും എന്‍റെ ശ്രദ്ധയെന്ന്...

നോ...നെവർ...ഹിന്ദിക്കാരിയുടെ ചുരിദാറിൻ്റെ ചുവന്ന നിറം കണ്ടപ്പോൾ രണ്ടു ദിവസം കഴിയുമ്പോൾ മെയ്ദിനമാണെന്നും സർവ്വ രാജ്യ തൊഴിലാളികളെയും സ്മരിക്കണമെന്നും കൂടാതെ അന്ന് അവധിയായതിനാൽ കഴിയുമെങ്കിൽ ഒരു സിനിമയ്ക്ക് പോകണമെന്നും ചിന്തിച്ചതിനപ്പുറം ഹിന്ദിക്കാരി കൂടുതലായി എന്നെ ആകർഷിച്ചില്ല. "നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?" അവളുടെ ചോദ്യം എന്നിൽ ഇടിവെട്ടും പോലെ പതിച്ചു.

"ഞാൻ കേട്ടോണ്ടിരിക്കുകയല്ലേ...നീ പറ..." അവൾ വീണ്ടും മഴയായി പെയ്യാൻ തുടങ്ങി.


കോഫി ഷോപ്പിനു പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. അന്നുച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ നേരം മൂളിപ്പാട്ടു പാടിയ സഹപ്രവർത്തകയെയാണ് പെട്ടെന്ന് ഓർമ്മ വന്നത്. ആരോ പാട്ടിനെ കളിയാക്കിയപ്പോൾ തന്നെ കളിയാക്കണ്ടെന്നും താൻ പാടിയ ദിവസങ്ങളിലൊക്കെ നാട്ടിൽമഴ പെയ്ത ചരിത്രമുണ്ടെന്നും അവർ മറുപടി കൊടുത്തതാണ് ആ മഴ ഓർമ്മപ്പെടുത്തിയത്. മൂളിപ്പാട്ടിന് ചാറ്റൽ മഴ മതിയാകും.

Author : Arun P S

പുറത്ത് ചാറ്റൽ മഴയും, അകത്ത് പേമാരിയും...ഇതിനിടയിൽ എനിക്കുള്ള ചായ എത്തി. അവൾ മെനു കാർഡിൽ നിന്നും വായിൽ ക്കൊള്ളാത്ത പേരുള്ള ഏതോ ഒരു സാധനമാണ് ഓർഡർ ചെയ്തിരിക്കുന്നത്. അത് എത്താൻ വൈകും. അത് എത്തി അവളത് കുടിച്ചു തീർക്കുന്നത് വരെ ഞാൻ ഈ മോട്ടിവേഷൻ ക്ളാസ്സ് കേൾക്കേണ്ടി വരും.

ഞാൻ പറഞ്ഞല്ലോ...എന്‍റെ ശ്രദ്ധ അവൾ പറയുന്നതിലോ, ഹിന്ദിക്കാരിയിലോ, ചാറ്റൽ മഴയിലോ ആയിരുന്നില്ല.


കടയിലിരുന്നാൽ റോഡും, നടപ്പാതയുമൊക്കെ കാണാമായിരുന്നു. അങ്ങകലെ നടപ്പാതയിലൂടെ ഒരു മനുഷ്യൻ നടന്നു വരുന്നത് ഒരു പൊട്ടു പോലെ കാണാം. ഒരു കൈയ്യിൽ ബാഗും, മറ്റേ കൈയ്യിൽ കുടയുമാണെന്ന് തോന്നുന്നു. ആളിനെ വ്യക്തമാകുന്നില്ല. പക്ഷേ ആ രൂപം താൻ എവിടെയോ കണ്ടിട്ടുണ്ട്. എവിടെയാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുമില്ല. അയാൾ വളരെ സാവധാനമാണ് നടന്നു വരുന്നത്. കണ്ണു തിരുമ്മി വീണ്ടും ഒന്നു കൂടി ആ ദിശയിലേക്ക് നോക്കി. ഇല്ല... അയാളിപ്പോഴും തൻ്റെ വ്യക്തതയ്ക്കുമപ്പുറത്ത് തന്നെ. എൻ്റടുത്തേക്ക് പതിയെ നടന്നു വരുന്ന ആ വ്യക്തി എന്നിൽ കൗതുകം ഉണർത്തി.

"നീ എന്താ ഞാൻ പറയുന്നത് ശ്രദ്ധിക്കാത്തത് ? എനിക്ക് വയ്യ എന്നും ഇങ്ങനെ ഓരോ കള്ളം പറഞ്ഞ് നിന്നെ കാണാൻ വേണ്ടി ഇറങ്ങി വരാൻ. വീട്ടിൽ ഇപ്പോൾ തന്നെ കല്യാണാലോചനകൾ ഒക്കെ വന്നു തുടങ്ങി. ഞാൻ കാണിക്കുന്നതിൻ്റെ പകുതി ധൈര്യമെങ്കിലും ഒന്നു കാണിക്ക്. ഒന്നാം തീയ്യതി അവധിയല്ലേ...നീ വീട്ടിൽ വന്ന് അച്ഛനോട് സംസാരിക്ക്. എടാ കുറച്ച് ധൈര്യം കാണിക്ക്..."

ഇതൊക്കെ അവൾ ഘോര ഘോരം പറയുന്ന നേരത്തും എന്‍റെ നോട്ടം പുറത്തോട്ടായിരുന്നു. അയാളുടെ രൂപം അടുത്തേക്ക് വരുന്നുണ്ടായിരുന്നു. എന്‍റെ ശ്രദ്ധ അവൾ പറയുന്നതിലല്ലായെന്ന് മനസ്സിലാക്കിയ അവൾ നീരസത്തോടെ ആദ്യം എന്നെ നോക്കി. പിന്നീട് എന്‍റെ നോട്ടം പോയ ദിശയിലേക്കും. രണ്ട് സെക്കൻ്റിനുള്ളിൽ അവൾ എഴുന്നേറ്റ് അൽപ്പം മുന്നോട്ട് നീങ്ങി നിന്ന് ഒന്നുകൂടി അങ്ങോട്ടേക്ക് നോക്കി.

"ദൈവമേ... അച്ഛൻ !!!"

അതെ...അവളുടെ അച്ഛൻ തന്നെ. അവളെ കോളേജിൽ കൊണ്ടാക്കാൻ വന്നപ്പോൾ പലവട്ടം ഈ രൂപം ദൂരെ മാറി നിന്നു കണ്ടിട്ടുണ്ട്. പിന്നീട് അവൾ സുഹൃത്താണെന്നും പറഞ്ഞ്, തന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. ചുമ്മാതല്ല ആ രൂപം കണ്ടിട്ട് നല്ല പരിചയം തോന്നിയത്.

"നിൻ്റെ അച്ഛനിപ്പോ നമ്മളെ കാണും. ഇപ്പോൾ തന്നെ കാര്യങ്ങൾ അറിയും. മെയ്ദിനം വരെ കാത്തിരിക്കേണ്ടി വരില്ല..." പറഞ്ഞിട്ടു നോക്കിയപ്പോൾ ബാഗുമെടുത്ത് വാഷ് റൂമിലേക്ക് ഓടുന്ന ധൈര്യശാലിയെയാണ് കണ്ടത്.


അവളുടെ പിന്നാലെ ഓടണമെന്നുണ്ടായിരുന്നു. മനസ്സാഗ്രഹിച്ചെങ്കിലും എന്‍റെ കാലുകൾ ചലിച്ചില്ല. നല്ല രീതിയിൽ ഞാൻ പേടിച്ചുവെങ്കിലും അതിനനുസരിച്ചുള്ള വിറയൽ അനുഭവപ്പെട്ടില്ല. അവളുടെ അച്ഛൻ അടുത്തെത്തിക്കഴിഞ്ഞു. അദ്ദേഹം എന്നെ കണ്ടു. ഞാനാകെ വിയർത്തു.


ഓടാൻ ഇനി പറ്റില്ല. ഞാൻ അവിടെ കുഴഞ്ഞു വീഴുമോ എന്ന് ഭയന്നു.


അദ്ദേഹം കടയ്ക്കകത്തേക്ക് വന്നു. "മോനേന്താ ഇവിടെ ?" ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.

"ഞാൻ ഒരു ചായ കുടിക്കാൻ വന്നതാ അങ്കിൾ. ദാ അപ്പുറത്താ എന്‍റെ ഓഫീസ്..." വെറുതേ ഏതോ ദിശയിലേക്ക് കൈ ചൂണ്ടി ഞാൻ പറഞ്ഞു.

"എന്നാ ശരി. മോൻ ഇവിടെ നിൽക്കുന്നത് കണ്ടതുകൊണ്ട് കയറിയതാണ്. കുറേ വർഷങ്ങളായില്ലേ കണ്ടിട്ട്. ഇനിയും കാണാം. വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാ..."

അദ്ദേഹം പതിയെ തിരിഞ്ഞു നടന്നു കോഫി ഷോപ്പിനു പുറത്തേക്ക് നടന്നു. ഈ നേരമത്രയും വാഷ് റൂമിൻ്റെ ചെറുതായി തള്ളിത്തുറന്ന വാതിലുകൾക്കിടയിലൂടെ രണ്ടു കണ്ണുകൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ ആ കണ്ണുകളുടെ ഉടമ പതിയെ പുറത്തേക്ക് വന്നു.

"അച്ഛനെന്നെ കണ്ടോ? വല്ലതും ചോദിച്ചോ? നീ എന്താ പറഞ്ഞത്?" റാപ്പിഡ് ഫയർ റൗണ്ട് തുടങ്ങി.

"നിന്നെ കണ്ടില്ല. പുള്ളി എന്നെ കണ്ടോണ്ട് കയറിയെന്നാ പറഞ്ഞത്."

"എന്തായാലും നിന്നെ സമ്മതിച്ചിരിക്കുന്നു. എന്താ ധൈര്യം. ഞാൻ വിചാരിച്ചു നീ എന്‍റെ പിന്നാലെ വാഷ് റൂമിലേക്ക് ഓടിയെത്തുമെന്ന് . അവിടെ നീ എൻ്റെ ധാരണ തെറ്റിച്ചു. നീ തകർത്തു. ഇത്രയും ധൈര്യം ഉണ്ടായിട്ടാണോ കല്യാണാലോചനയുമായി വരാൻ പറയുമ്പോൾ നാളെയാകട്ടെ എന്ന് പറഞ്ഞ് മാറ്റിവെക്കുന്നത്. ഈ ധൈര്യം മതിയെടാ...നീ അവധീടന്ന് രാവിലെയങ്ങ് വന്നാൽ മതി..." എന്‍റെ അസാമാന്യ ധൈര്യം കണ്ട് മതി മറന്ന അവൾ എന്നിലെ ഹീറോയെ തന്നാൽക്കഴിയുംവിധം പ്രോത്സാഹിപ്പിച്ചു.

"ഇത്രയും ധൈര്യം ഉണ്ടായിട്ടാണോ..." അവൾ വീണ്ടും വീണ്ടും എന്നെ വാഴ്ത്തിക്കൊണ്ടിരുന്നു.

"നീ എന്താ കസേരയിൽ ഇങ്ങനെ പിടിച്ചോണ്ട് നിൽക്കുന്നത്‌. ഇരുന്ന് ചായ കുടിക്ക്... " അവളുടെ അച്ഛൻ വന്നപ്പോൾ കുഴഞ്ഞു താഴെ വീഴാതിരിക്കാൻ വേണ്ടി കസേരയിൽ പിടിച്ചു നിന്നതാ... ഇപ്പോഴും അതും പിടിച്ചുകൊണ്ട് നിൽക്കുകയാണ്.


ഞാൻ പതിയെ കസേരയിൻമേൽ ഉള്ള ബലപ്രയോഗം നിർത്തി. അതിൽ ഇരുന്നു. ചായ എടുത്തു കുടിച്ചു. ധൈര്യത്തിൻ്റെ ഉയരം കൂടി നിന്നതിനാൽ ചായക്ക് പതിവിലും കൂടുതൽ സ്വാദുണ്ടായിരുന്നു. ഉയരം കൂടുംതോറും സ്വാദ് കൂടും എന്നാണല്ലോ പരസ്യത്തിലെ പഴമൊഴി.


---------------------------------------------------

All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.